യുപിയിൽ 116 മരണം
ന്യൂഡൽഹി:
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ആൾ ദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 116 പേർ മരിച്ചു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഹാഥ്‌രസ്, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിഭാൻപൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. ലക്ഷക്കണക്കിന് അനുയായികളുള്ള നാരായൺ ഹരിയെന്ന ഭോലെ ബാബയും ഭാര്യയും സംഘടിപ്പിച്ച സത്സംഗിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുപതിനായിരത്തിൽപ്പരം ആളുകളെത്തി. കൊടുംചൂടിൽ തളർന്നു വീണവരെ ചവിട്ടി മറ്റുള്ളവർ പുറത്തിറങ്ങാൻ ശ്രമിച്ചതാണ് മരണ സംഖ്യ ഉയരാനിടയാക്കിയതെന്ന് അലിഗഡ് റേഞ്ച് ഐജി ശലഭ് മാഥൂർ പറഞ്ഞു. വേദിയിലേക്കും പുറത്തേയ്ക്കും ഒറ്റവഴി മാത്രമാണ് ഉണ്ടായിരുന്നത്.