മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബെംഗളൂരു:
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്. മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (MUDA, മൂഡ) ഭൂമി കുംഭകോണ കേസിലാണ് നടപടി. ആക്ടിവിസ്ടുകളായ പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവർ നൽകിയ പരാതികളിലാണ് നടപടി. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 2023 ഭാരതീയ നാഗരിക സുരക്ഷ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവർണർ അനുമതി നൽകിയത്.
ഭൂമി കുംഭകോണ കേസിൽ ഗവർണർ കഴിഞ്ഞ മാസം സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോപണത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ഗവർണർ നോട്ടീസിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന് അനുമതി നൽകരുതെന്ന് കർണാടക മന്ത്രിസഭ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഭരണഘടനാ സ്ഥാപനം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് നോട്ടീസ് പിൻവലിക്കണമെന്നും സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.