വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്പോട്ട് ബുക്കിംഗിനായി തെരുവിൽ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോർഡ് നൽകുന്നത്. വെർച്വൽ ക്യൂ മാത്രമായിരിക്കുമോ സ്പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രശാന്ത് പ്രതികരിച്ചത്.
സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിൽ നിന്ന് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ പറയുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോർഡിനുണ്ട്. മുഖ്യമന്ത്രിയുടെ യോഗം എടുത്ത തീരുമാനം എങ്ങനെ മറികടക്കുമെന്നതാണ് ബോർഡിനെ അലട്ടുന്ന പ്രശ്നം. ഇക്കാര്യം ഉടൻ മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് നീക്കം.