നവരാത്രി വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത്

തിരുവനന്തപുരം:
നവരാത്രി പൂജകളിൽ പങ്കെടുക്കാൻ പത്മനാഭപുരത്തു നിന്നെത്തിച്ച വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. ഒമ്പത് ദിവസത്തെ പൂജകൾക്കും ഒരു ദിവസത്തെ നല്ലിരുപ്പിനും ശേഷമാണ് സരസ്വതി ദേവി, വേളിമല കുമാര സ്വാമി, മുന്നൂറ്റി നങ്ക വിഗ്രഹങ്ങൾ മടക്ക യാത്ര ആരംഭിച്ചതു്. ബുധനാഴ്ച പത്മനാഭപുരത്തെത്തുന്ന വിഗ്രഹങ്ങൾ മാതൃ ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ചൊവ്വാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിൽ നിന്ന് തേവാരക്കെട്ട് സരസ്വതി ദേവിയെയും, ആര്യശാലയിൽ നിന്നും കുമാരസ്വാമിയേയും, ചെന്തിട്ട ക്ഷേത്രത്തിൽ നിന്നും മുന്നൂറ്റി നങ്കയെയും പല്ലക്കിൽ എഴുന്നള്ളിച്ച് കിള്ളിപ്പാലത്ത് മൂന്നു വിഗ്രഹങ്ങളും സംഗമിച്ചു. കേരള-തമിഴ്നാട് പൊലീസ് സേനകൾ സംയുക്ത ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് തിരിച്ചെഴുന്നള്ളത്ത് തുടങ്ങിയത്.