നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ചർച്ചകൾ ഇന്നും തുടരും

എറണാകുളം:
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമായി യെമനിൽ നടക്കുന്ന ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച തീരുമാനമായിരുന്നില്ല. ദിയാ ധനം സ്വീകരിച്ച് നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യത്തിൽ, കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞ ദിവസം മറുപടി നൽകിയത്.
ഇതോടെ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ മറുപടി കാത്തിരിക്കുകയാണ് പ്രതിനിധിസംഘം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാറുടെ ഇടപെടലിനെ തുടർന്ന്
യെമൻ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. യെമനിലെ പ്രമുഖ പണ്ഡിതൻ ഹാഫിള് ഹബീബ് ഉമറിന്റെ പ്രതിനിധി, ഗോത്ര നേതാക്കൾ, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിൽ നിന്നുള്ള പ്രതിനിധി, ജൂഡീഷ്യറിയുടെ ഭാഗമായുള്ള പ്രമുഖരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ദിയാധനം സ്വീകരിച്ച് കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്നായിരുന്നു യെമനിലെ സുന്നി പണ്ഡിതന്മാർ ആവശ്യപെട്ടത്. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കാരന്തൂർ മർകസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി. നിമിഷപ്രിയയുടെ മോചനത്തിനായുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് യെമനിൽ ചർച്ചകൾ തുടങ്ങിയ സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കാന്തപുരത്തെ സന്ദർശിച്ചത്.
