സമരനായകനെ കാണാൻ ജനസാഗരം

തിരുവനന്തപുരം:
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിലെ പൊതുദര്ശനത്തില് ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. വി എസിന്റെ പൊതുദർശനം ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുമ്പോൾ വൻജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്.

കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
വിലാപയാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
എസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 2025 ജൂലൈ 22-ന് ഉച്ചയ്ക്ക് 2 മണിക്ക് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ആരംഭിക്കും. ഈ വിലാപയാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ ഇവയാണ്:
പാളയം, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പേരൂർക്കട, ശാസ്തമംഗലം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, കോരാണി, തുടർന്ന് ആറ്റിങ്ങലിലെ മുസ്ലിംമുക്ക്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകും. അതിനുശേഷം കഴകൂട്ട്, ആലംകോട്, കടയ്ക്കാവൂർ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം എന്നിവിടങ്ങളിലൂടെ വിലാപയാത്ര മുന്നോട്ട് നീങ്ങും.
