ട്രംപ്- പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15 ന് അലാസ്കയിൽ

വാഷിങ്ടണ്‍:
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഓഗസ്റ്റ് 15ന് അലാസ്കയിൽ വച്ച് പുടിനെ കാണുമെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോര്‍ട്ട്. പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് ട്രംപ് അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചതെന്നും ശ്രദ്ധേയമാണ്.
“അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, ഓഗസ്റ്റ് 15, 2025 ന് അലാസ്കയില്‍ നടക്കും,” എന്ന് ട്രംപ് കുറിച്ചു. ഒരു ദശാബ്ദത്തിനിടെ പുടിൻ്റെ യുഎസിലേക്കുള്ള ആദ്യ യാത്രയാണിത്. 2015 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ പ്രസിഡൻ്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കായിരുന്നു റഷ്യൻ നേതാവ് അവസാനമായി അമേരിക്കയില്‍ എത്തിയത്.