ജമ്മു കശ്മീരിനെ നടുക്കി വീണ്ടും മേഘവിസ്ഫോടനം,11 പേർ മരിച്ചു

ശ്രീനഗർ:
ജമ്മുകശ്മീരിലെ റിയാസി, റംബാൻ ജില്ലകളിലുണ്ടായ മണ്ണിടിച്ചിലും മേഘവിസ്ഫോടനത്തിലുമായി 11 പേര് മരിച്ചു. അഞ്ച് കുട്ടികള്‍ അടക്കം 11 പേരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. റിയാസിലെ മഹോറിലെ ഭദ്ദാർ ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് കുട്ടികള്‍ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്.
നസീർ അഹമ്മദ് റാഹി (38), നസീർ അഹമ്മദിൻ്റ ഭാര്യ (35) വസാര ബാനോ, ബിലാൽ അഹമ്മദ് (12), മുഹമ്മദ് മുസ്തഫ (10), മുഹമ്മദ് ആദിൽ (8), മുഹമ്മദ് മുബാറക് (6), മുഹമ്മദ് വസീം (4) എന്നിവരാണ് മരിച്ചത്. രാജ്ഗഡ് പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ ഇപ്പോഴും കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു. പൊലീസ്, ഭരണകൂടം, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ നടത്തുകയാണ്. രാജ്ഗഡ് പ്രദേശത്തുണ്ടായ കനത്ത മഴയും മേഘവിസ്ഫോടനവും വെള്ളപ്പൊക്കത്തിന് കാരണമായതായി ജില്ലാ ഭരണകൂടം അറിയിച്ചു. മേഘവിസ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകും.