ശബരിമലയിലെ സ്വർണ മോഷണം;വിശ്വാസികളെ ഒപ്പം കൂട്ടാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം:
ശബരിമലയിലെ സ്വർണ മോഷണം ആയുധമാക്കി വിശ്വാസികളെ ഒപ്പം കൂട്ടാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണത്തിന് ഇന്ന് തുടക്കം . മൂന്ന് മേഖലാ ജാഥകൾക്ക് 14 നും ഒരു മേഖലാ ജാഥയ്ക്ക് 15ന് മൂവാറ്റുപുഴയിലും തുടക്കം കുറിക്കും.
നാലു ജാഥകളും 17ന് ചെങ്ങന്നൂരിൽ സമാപിച്ച ശേഷം 18ന് വൈകിട്ട് 3 മണിക്ക് കാരക്കാട് നിന്ന് പന്തളത്തേക്ക് യുഡിഎഫിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തും. തുടർന്ന് നടക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രസംഗിക്കും. തുടർന്ന് വിശ്വാസ സംരക്ഷണ പ്രതിജ്ഞയെടുക്കും.
കാസർഗോഡ് നിന്ന് കെ മുരളീധരൻ ക്യാപ്റ്റനായും ടി സിദ്ദിഖ് വൈസ് ക്യാപ്റ്റനായും ആരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ, ഇരിട്ടി, കൽപറ്റ, താമരശ്ശേരി, കൊയിലാണ്ടി, മുതലക്കുളം, നിലമ്പൂർ, എടപ്പാൾ, ഏറ്റുമാനൂർ വഴിയാണ് ജാഥ 17ന് ചെങ്ങന്നൂരിൽ എത്തിച്ചേരുക.
പാലക്കാട് തൃത്താലയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ക്യാപ്റ്റനായി ആരംഭിക്കുന്ന ജാഥയുടെ വൈസ് ക്യാപ്റ്റൻ ടി.എൻ. പ്രതാപനാണ്. പാലക്കാട്, വടക്കാഞ്ചേരി, ചേലക്കര, ഗുരുവായൂർ, തൃശൂർ ടൗൺ, ആലുവ, തൃപ്പൂണിത്തുറ, തുറവൂർ വഴി 17ന് ജാഥ ചെങ്ങന്നൂരിൽ സംഗമിക്കും.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ക്യാപ്റ്റനും എം. വിൻസെന്‍റ് എം.എൽ.എ. വൈസ് ക്യാപ്റ്റനുമായി തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന ജാഥ 14ന് വൈകിട്ട് 4ന് ഗാന്ധിപാർക്കിൽ രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കാട്ടാക്കട, ചിറയിൻകീഴ്, കൊല്ലം, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂർ, കോന്നി, റാന്നി, ആറൻമുള വഴി 17ന് ചെങ്ങന്നൂരിലെത്തും.
ബെന്നി ബഹന്നാൻ എം.പി. ക്യാപ്റ്റനും വി.ടി. ബൽറാം വൈസ് ക്യാപ്റ്റനുമായുള്ള ജാഥ ഒക്ടോബർ 15ന് മൂവാറ്റുപുഴയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. തൊടുപുഴ, പാലാ, പൊൻകുന്നം, എരുമേലി, തിരുവല്ല വഴി 17ന് യാത്ര ചെങ്ങന്നൂരിൽ സംഗമിക്കും.
ശബരിമലയിലെ സ്വർണ്ണപ്പാളികളും ദ്വാരപാല ശിൽപവും എടുത്ത് പുറത്തു കൊണ്ടു പോകുകയും അത് പല സ്ഥലങ്ങളിൽ കൊണ്ടു പോയി പ്രദർശിപ്പിക്കുകയും അവസാനം സ്വർണം മാറ്റി പുതിയ ചെമ്പു തകിടുകളാക്കി ദിവസങ്ങൾക്കു ശേഷം ശബരിമലയിലെത്തിച്ച സംഭവം കേവലം മോഷണം മാത്രമല്ല, ആചാര ലംഘനം കൂടിയാണെന്നാണ് കോൺഗ്രസിന്‍റെ പ്രചാരണം.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാൻ ഈ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ഒന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്വർണ മോഷണമെന്നാണ് കോൺഗ്രസ് ആരോപണം. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്‍റെ തങ്ക വിഗ്രഹവും മോഷണം പോകുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നും പരിഹസിച്ചു.
ദേവസ്വം മാന്വൽ ലംഘിച്ചു കൊണ്ടാണ് 2019 ൽ സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തയച്ചതെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്കു നൽകിയ റിപ്പോർട്ടിലുള്ളത്. ചെന്നൈയിലേക്ക് കൊണ്ടു പോയത് വ്യാജ മോൾഡ് ആണെന്നും യഥാർഥ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റെന്നും അതിന് ദേവസ്വം ബോർഡും രാഷ്ട്രീയ നേതൃത്വവും കൂട്ടു നിന്നെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. ഇപ്പോൾ ദേവസ്വം ബോർഡും പ്രതിയായില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.