നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക്ഇരട്ട ജീവപര്യന്തം; 4.25 ലക്ഷം രൂപ പിഴയും വിധിച്ചു

പാലക്കാട്:
നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടു വ്യത്യസ്ത വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 425000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.
ശിക്ഷാവിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അഞ്ചുമാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിധി പ്രഖ്യാപനത്തിനായി ചെന്താമരയെ രാവിലെ തന്നെ കോടതിയിലെത്തിച്ചിരുന്നു. ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ വിധി പറഞ്ഞത്.
നെന്മാറ പോത്തുണ്ടി സജിത കൊലപാതകക്കേസിലാണ് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി വിലയിരുത്തുകയുണ്ടായി. സജിതയുടെ മക്കളായ അതുല്യയും അഖിലയും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. പ്രതി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞ് പരമാവധി ശിക്ഷ നൽകണമെന്ന് അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സജിത കൊലപാതകം
ഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം അയൽവാസിയായ സജിതയാണെന്ന് ആരോപിച്ചാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31ന് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് ഇയാൾ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. അങ്ങനെ മൂന്ന് ക്രൂരമായ കൊലപാതകങ്ങളാണ് ചെന്താമര നടത്തിയത്. ബാക്കി കേസുകളുടെ വിധികളും വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും.
നെന്മാറ സിഐ ദീപക് കുമാറാണ് കേസിൻ്റെ അന്വേഷണ ഓഫിസർ. 2020ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 68 സാക്ഷികളിൽ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. ലാബ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് നാലിനാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. നിലവിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമരയെ പാർപ്പിച്ചിട്ടുള്ളത്.