സി.പി.എമ്മിനോട് വിടചൊല്ലി ജി. സുധാകരൻ; പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപനം
തിരുവനന്തപുരം:
മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. തന്നെ അവഗണിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. താൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണിയിൽ അംഗത്വം പുതുക്കാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും അതിനാൽ ലവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും സുധാകരൻ അറിയിച്ചു. 2022-ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ആലപ്പുഴയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഇത്രയും കാലത്തെ പ്രവർത്തന പാരമ്പര്യമുണ്ടായിട്ടും ജില്ലാ നേതൃത്വം തന്നെ പൂർണ്ണമായും അവഗണിക്കുകയാണെന്നും പൊതുപരിപാടികളിൽ പോലും ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ ആരോപിക്കുന്നു.
തന്റെ അച്ഛനെപ്പോലും ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിട്ടും ആരും തിരുത്താൻ തയ്യാറായില്ല. ഇതിനിടയിലാണ് സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ തന്നെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ടാലും തന്റെ ആശയാദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന സുധാകരൻ പിന്നീട് പിണറായി വിജയനുമായി അടുക്കുകയും രണ്ട് തവണ മന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ആലപ്പുഴയിലെ പാർട്ടി നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും അദ്ദേഹം അകൽച്ചയിലായിരുന്നു. അച്ചടക്ക നടപടികളും തരംതാഴ്ത്തലുകളും നേരിട്ടിട്ടുള്ള സുധാകരൻ പാർട്ടി വിടുന്നത് സി.പി.എമ്മിന്, പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
