ഓ മെസ്സി… വി മിസ് യു…
പ്രവീൺ –
പുരുഷാരത്തിനും ഹർഷാരവങ്ങൾക്കുമിടയിൽ പാതിയടഞ്ഞ കണ്ണുകളും വിടർത്തിപ്പിടിച്ച കൈകളുമായി തനിക്ക് ചുറ്റും ഉയരുന്ന ആരവങ്ങളെ ഹൃദയത്തിലേക്ക് ആവാഹിച്ച് വിനയാന്വിതനായി നിൽക്കുന്ന ഒരു രൂപം… ലോകം മുഴുവൻ കാൽപന്തുകളിയുടെ മിശിഹാ എന്ന് വിശേഷിപ്പിച്ച പ്രിയങ്കരിൽ പ്രിയങ്കരനായ മെസ്സി… ഈ ദൈവപുത്രൻ നേടിയെടുക്കുന്നതെന്തും എനിക്കുവേണ്ടിയാണ്, ആ വിജയം എനിക്ക് അവകാശപ്പെട്ടതാണ് എന്ന് ഓരോ മനുഷ്യന്റെ മനസ്സിലും തോന്നിപ്പിക്കുന്ന ഒരു വല്ലാത്ത അടുപ്പം…
നിറംമങ്ങി നെയ്മറും ഒന്നും ചെയ്യാനാകാതെ റൊണാൾഡോയും മുന്നേറാനാകാതെ എംബാപ്പെയും, ഒടുവിൽ മുൻവിധി പ്രതീക്ഷകൾ തകർത്ത് കളമൊഴിഞ്ഞ യഥാർത്ഥ മിശിഹായും… എതിരാളികളുടെ ശക്തി അവരുടെ മുൻകളികളിൽ നിന്ന് ബോധ്യപ്പെട്ടതാണ്. കലാശപോരാട്ടത്തിൽ അത് മറികടക്കാൻ കഴിയുമോ എന്ന ആശങ്കയ്ക്കൊടുവിൽ, ഓരോ അർജന്റീനിയൻ ആരാധകനും ഭയപ്പെട്ടതുതന്നെ സംഭവിച്ചു. കളിയുടെ മനോഹാരിത മുൻനിർത്തി തന്നെ പറയട്ടെ, അത് സ്പെയിൻ അർഹിക്കുന്ന ഒരു വിജയം തന്നെയായിരുന്നു. അവരുടെ മെയ്‌വഴക്കവും ചടുലമായ നീക്കവും ഒത്തൊരുമയും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാൻ വകനൽകാത്തതായിരുന്നു. ഗോളുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു എന്നുമാത്രമാണ് അർജന്റീനയെയും മെസ്സിയെയും സ്നേഹിക്കുന്ന ഓരോരുത്തർക്കും ആശ്വസിക്കാൻ വക നൽകുന്ന ഒരേയൊരു കാര്യം. എന്നിരുന്നാലും ഈ തോൽവി മെസ്സി ആരാധകർക്ക് മാത്രമല്ല, ഫുട്ബോളിനെ നെഞ്ചേറ്റുന്ന കോടാനുകോടി ലോകജനതയ്ക്ക് ഒരു നൊമ്പരം തന്നെയായിരിക്കും.
അതുകൊണ്ടായിരുന്നു തോൽവി ഉറപ്പാക്കിയ അവസാന വിസിലിൽ, തലമുറവ്യത്യാസമില്ലാതെ പലരും ആർത്തുകരഞ്ഞത്. കോടാനുകോടി മനസ്സുകളുടെ ഇടയിൽ സങ്കടം ഉള്ളിലൊതുക്കി നിസ്സഹായനായി നീ നിന്നപ്പോൾ എല്ലാവരുടെയും നെഞ്ചം തകരുകയായിരുന്നു… ആശ്വസിപ്പിക്കാനെന്നവണ്ണം ബാനർ ഉയർത്തിയും, ജേഴ്സി ഉയർത്തിയും എഴുന്നേറ്റ് നിന്ന് കൈകൾ ഉയർത്തി നിന്റെ പേര് താളത്തിൽ ആർത്തുവിളിച്ചപ്പോൾ, അവർക്ക് മുൻപിലേക്ക് വന്ന് ക്ഷമാപണമെന്നോണം വിതുമ്പിക്കരഞ്ഞപ്പോൾ, അവതാരപുരുഷനിൽ നിന്ന് പച്ചയായ മനുഷ്യന്റെ നിഷ്കളങ്കമായ നിസ്സഹായാവസ്ഥ ഉള്ളുലയ്ക്കുന്നതായിരുന്നു.
കളം വിട്ടുപോകുമ്പോൾ, കൈവിട്ടുപോയ ലോകകപ്പിനെ അവസാനമായി നോക്കുന്ന ആ ദയനീയ മുഖം ആർക്കും മറക്കാൻ കഴിയില്ല. പുത്തൻ തലമുറയ്ക്ക് ഫുട്ബോളിനോട് പ്രണയം നിറയ്ക്കാൻ നിനക്കായി എന്നത് ഒരു ചരിത്രദൗത്യമായി എന്നും കുറിക്കപ്പെടും… കളിക്കളത്തിലെ അച്ചടക്കവും മാന്യതയും നിന്റെ ജീവിതവും പുത്തൻ തലമുറയ്ക്ക് എന്നും പ്രചോദനമാകും…
ഞങ്ങളുടെ ഫുട്ബോൾ രാവുകളിൽ ആവേശം നിറയ്ക്കാൻ, ഇനിയും ഒരു ലോകകപ്പിൽ നീ ഉണ്ടാകില്ല. ഇതുപോലൊരു യാത്രയയപ്പല്ല നീ അർഹിച്ചിരുന്നത്… കാലം മാറുകയാണ്, പഴയ താരങ്ങൾ അസ്തമിച്ചുകൊണ്ടേയിരിക്കും, അത് പക്ഷേ പുത്തൻ താരോദയത്തിന് വേണ്ടിയായിരിക്കും… അതെ, കാലം അങ്ങനെയാണ്, അത് അനസ്യൂതം തുടർന്നുകൊണ്ടേയിരിക്കും…
എന്നിരുന്നാലും, ഓ മെസ്സി… വി മിസ് യു...

