ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു: ഖമേനിയുടെ പിൻഗാമിയായി മകൻ മോജ്തബ; പശ്ചിമേഷ്യയിൽ കടുത്ത പോരാട്ടം
ടെഹ്റാൻ/വാഷിംഗ്ടൺ:
പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്നു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരത്തിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ചടങ്ങുകൾ ബുധനാഴ്ച രാത്രി 10 മണിയോടെ ടെഹ്റാനിലെ ഇമാം ഖൊമേനി മുസല്ലയിൽ ആരംഭിക്കും. ഇതിനിടെ, ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമേനിയെ ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ-അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ വിപ്ലവ ഗാർഡ്സ് 40 മിസൈലുകൾ തൊടുത്തുവിട്ടു. ‘ഓപ്പറേഷൻ ഹോണസ്റ്റ് പ്രോമിസ് 4’-ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. അതേസമയം, ഇറാനിലെ 2,000 ലക്ഷ്യസ്ഥാനങ്ങളിൽ ഇതിനോടകം തങ്ങൾ ആക്രമണം നടത്തിയതായും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി. 2003-ലെ ഇറാഖ് അധിനിവേശത്തേക്കാൾ ഇരട്ടി ശക്തിയിലാണ് ഇപ്പോൾ ഇറാനിൽ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ സൈന്യം ഇറാനിലെ മിസൈൽ ലോഞ്ച് സൈറ്റുകളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് വൻതോതിലുള്ള വ്യോമാക്രമണം തുടരുകയാണ്. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിലും ബുഷെഹറിലും വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. തിരിച്ചടിയായി ടെൽ അവീവ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ചർച്ചകൾക്കുള്ള സമയം അതിക്രമിച്ചുവെന്നും ഇറാന്റെ സൈനിക ശേഷി തകർന്നതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സൗദി അറേബ്യയിലെയും യുഎഇയിലെയും യുഎസ് നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
യുദ്ധം രൂക്ഷമായതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വിമാന സർവീസുകളെ ഇത് ബാധിച്ചു. ഇതുവരെ 1,200-ലധികം ഇന്ത്യൻ വിമാന സർവീസുകൾ റദ്ദാക്കി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മാർച്ച് 4-ന് ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് 58 വിമാനങ്ങൾ സർവീസ് നടത്താൻ പദ്ധതിയുള്ളതായും അധികൃതർ അറിയിച്ചു.
