മുഖ്യമന്ത്രിയുടെ വാദം തള്ളി ജി. സുധാകരൻ: ഫോൺ വിളിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തൽ

 മുഖ്യമന്ത്രിയുടെ വാദം തള്ളി ജി. സുധാകരൻ: ഫോൺ വിളിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തൽ

ആലപ്പുഴ:

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ വിളിച്ചിട്ടില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. മുഖ്യമന്ത്രിയുടെ പേര് ‘സി.എം’ എന്നാണ് തന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ളതെന്നും ആ നമ്പറിൽ നിന്നും തനിക്ക് കോളുകൾ വന്നിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആലപ്പുഴയിൽ എത്തുമ്പോൾ കാണണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ജി. സുധാകരനെ ഫോണിൽ ബന്ധപ്പെടാൻ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം ഫോൺ എടുത്തില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുധാകരന്റെ ഈ പ്രതികരണം. സുധാകരനെ പാർട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും എല്ലാ ഘട്ടത്തിലും അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറി വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സുധാകരൻ വിസമ്മതിച്ചതായും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

സ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ അവഗണനയായി കാണരുതെന്നും പ്രായപരിധി ഉൾപ്പെടെയുള്ള പാർട്ടി തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ താൻ നേരിട്ടത് അവഗണനയാണെന്ന സൂചന നിലനിർത്തിക്കൊണ്ടാണ് സുധാകരൻ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളിയത്. ആലപ്പുഴയിലെ സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും നേതാക്കൾക്കിടയിലെ ഭിന്നതയും ഈ പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News