പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: കുവൈറ്റിലും ഇസ്രയേലിലും ഇറാൻ്റെ ആക്രമണം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

 പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: കുവൈറ്റിലും ഇസ്രയേലിലും ഇറാൻ്റെ ആക്രമണം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ദുബായ്/ടെഹ്‌റാൻ:

പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ ആക്രമണങ്ങൾ അതിശക്തമാകുന്നു. കുവൈറ്റിലെ പ്രധാന ജല-വൈദ്യുത നിലയത്തിന് നേരെയും ഇസ്രയേലിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ ദുബായ് തീരത്ത് കുവൈറ്റി എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ ഇറാനുളളിൽ അമേരിക്കയും ഇസ്രയേലും വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന്റെ നിയന്ത്രണം യുഎസ് സൈന്യം ഏറ്റെടുത്തേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് വാതിൽ തുറന്നിട്ടുണ്ടെന്ന് വാഷിംഗ്ടൺ അവകാശപ്പെടുമ്പോഴും നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ.

ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തോടെ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 2,000-ത്തിലധികം പേർ മരിച്ചതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമാധാനത്തിനായി ട്രംപ് മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. യുദ്ധനഷ്ടപരിഹാരം നൽകുക, ഉപരോധങ്ങൾ നീക്കുക, ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. മേഖലയിലേക്ക് ആയിരക്കണക്കിന് അമേരിക്കൻ സൈനികർ അധികമായി എത്തുന്നതോടെ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയിലാണ് ലോകം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News