ഇറാൻ മിസൈൽ ആക്രമണം: ഖത്തറിൽ എണ്ണക്കപ്പലിന് തീപിടിച്ചു; കുവൈറ്റ് വിമാനത്താവളത്തിലും ആക്രമണം

 ഇറാൻ മിസൈൽ ആക്രമണം: ഖത്തറിൽ എണ്ണക്കപ്പലിന് തീപിടിച്ചു; കുവൈറ്റ് വിമാനത്താവളത്തിലും ആക്രമണം

ദോഹ/വാഷിംഗ്ടൺ:

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ഇറാൻ മിസൈലുകൾ എണ്ണക്കപ്പലിൽ പതിച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖത്തർ എനർജി വാടകയ്‌ക്കെടുത്ത കപ്പലിന് നേരെയാണ് മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടത്. ഇതിൽ രണ്ടെണ്ണം പ്രതിരോധ സംവിധാനങ്ങൾ വഴി ഖത്തർ വെടിവെച്ചിട്ടെങ്കിലും മൂന്നാമത്തെ മിസൈൽ കപ്പലിൽ പതിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചു.

സമാനമായ മറ്റൊരു ആക്രമണം കുവൈറ്റിലും റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അവിടെ വൻ തീപിടുത്തമുണ്ടായി. കുവൈറ്റ് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ (KAFCO) ടാങ്കുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചു.

അതേസമയം, ഇറാനുമായുള്ള യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു കരാറിൽ ഏർപ്പെടേണ്ട ആവശ്യമില്ലെന്നും വൈകാതെ തന്നെ അമേരിക്കൻ സേന പിൻവാങ്ങുമെന്നും അദ്ദേഹം വാഷിംഗ്ടണിൽ പറഞ്ഞു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് യുഎസ് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് ട്രംപിന്റെ അവകാശവാദം.

എന്നാൽ, അമേരിക്കയുമായി യാതൊരുവിധ ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. വാഷിംഗ്ടണിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ ചർച്ചകളൊന്നും നടക്കുന്നില്ല. അമേരിക്കയിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്നും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക വിപണിയിൽ ഇന്ധന വില കുതിച്ചുയരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News