കവിതമാറി നില്ലമ്മച്ചി കവിത മറിയും

 കവിതമാറി നില്ലമ്മച്ചി കവിത മറിയും

രചന പുതൂർക്കോണം സുരേഷ്

ഞാൻ കവിതയുടെ കാഞ്ചി വലിച്ചു ഉന്നം വയ്ക്കും!
കവിത ലോക്കപ്പിൽ തുണിയുരിഞ്ഞ്, കുറ്റം ചെയ്യാത്തവന്റെ തലയിൽ കേറ്റിയ എണ്ണമറ്റ നുണക്കഥകൾ പോലെ ലജ്ജിച്ച് തല താഴ്ത്തി ശൂന്യതയിൽ പൊട്ടും!!!

എന്നാലുമെന്നെയും വിളിക്കും കവിത ചൊല്ലാൻ!
“കസേര നിറയ്ക്കാൻ”
എങ്കിലും കവിതയ്ക്ക് നന്നായി കൂടൊരുക്കുന്നു ചില നന്മകൾ;
ഞാനെഴുതി നീട്ടിയതൊക്കെ കുറുക്കിക്കുറുക്കി, തലയും വാലും വെട്ടിവച്ച കറി പോൽ കവിത രുചിക്കും!
കസേരകൾ തമ്മിൽ കലപില കൂട്ടും.

മൂന്ന് മിനിറ്റോ ഒരായുസ്സോ-
തികയാതെ കവിത വീണ്ടും മുറുമുറുക്കും!!!
കവിതയുടെ കളമഴിച്ച്‌
പ്രൗഢ പ്രസംഗ പരിണയത്തിൽ
മയങ്ങിയും ഞെട്ടിയുണർന്നും, സ്വപ്നം നെയ്തും തല പുകഞ്ഞും, തള്ളും ഉന്തും വിഴുങ്ങി-
പിന്നെ നവമാധ്യമങ്ങളിൽ ഗിർവാണം തള്ളി,
താഴിട്ട മുറിയിൽ ലൈക്കും കമന്റും നക്കി കുളിരുകോരും!

“വീണ്ടും…. വീണ്ടും…… വീണ്ടും
നോട്ടീസു തേടി വാട്സാപ്പ് തപ്പും”
പിന്നെയും ഞാൻ കവിതയുടെ കാഞ്ചി വലിച്ചു ഉന്നം വയ്ക്കും!!!

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News