മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ 133-ാം ജന്മവാർഷികദിനം

 മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ 133-ാം ജന്മവാർഷികദിനം

By:Sumeshkrishnan

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന…
മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും രചയിതാവും ഛായാഗ്രഹകനും സംവിധായകനുമായിരുന്ന ജോസഫ്‌ ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ.സി ഡാനിയേൽ.

1893 ഏപ്രിൽ 19 ന് (1900 ഫെബ്രുവരി 26 എന്നും പറയുന്നു) ഡോ: ജ്ഞാനാംബരം ജോസഫ്‌ ഡാനിയേലിന്റേയും ജ്ഞാനാംബാളിന്റേയും മകനായി ജനനം.

ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്ന ഡാനിയേൽ വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയാണ് അദ്ദേഹം ചലച്ചിത്ര സംവിധാനം പഠിച്ചത്.

മുംബൈയിൽ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരയ്ക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് സിനിമയ്ക്കു വേണ്ടി പണം സ്വരൂപിച്ചത്.

ഇതിനായി കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് എന്ന
സിനിമാ സ്റ്റുഡിയോയും ആരംഭിച്ചു. തുടർന്ന് 4 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്.

ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ.

1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമാണ് വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്ത് കളിച്ചശേഷം ഫിലിംപെട്ടി ആലപ്പുഴയിൽ കൊണ്ടുവന്നു. ആലപ്പുഴ പൂപ്പള്ളി ‘സ്റ്റാർ തിയേറ്ററി’ലാണ് ചിത്രം പ്രദർശിപ്പിച്ചത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ഡാനിയേലിന്റെ മകൻ സുന്ദറായിരുന്നു ചിത്രത്തിലെ നായകൻ.

ആയോധന കലകളോടുള്ള ഡാനിയലിന്റെ താല്പര്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയിൽ അഭിനയിക്കുന്നതറിഞ്ഞു യഥാസ്ഥിതികരായ ചില ആൾക്കാരുടെ എതിർപ്പ് മൂലം വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ഈ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല. ചിത്രം പരാജയമായതോടെ ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ഡാനിയേൽ കടബാദ്ധ്യതകളിൽ മുങ്ങി. സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളും വിറ്റു. ജീവിക്കാൻ നിവൃത്തിയില്ലാതെ അഗസ്തീശ്വരത്തേക്ക് മടങ്ങി. ഉപജീവനത്തിന് ദന്തചികിത്സകനാകാൻ തീരുമാനിച്ച ഡാനിയേൽ മുംബെയിലും ചെന്നൈയിലുമായി ഇതിനുവേണ്ടി പഠനം നടത്തി. മദിരാശി, നെയ്യാറ്റിൻകര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളിൽ ദന്താശുപത്രികൾ നടത്തി.

സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ഡാ നിയേലുമുണ്ടായിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയിൽ അപേക്ഷ തള്ളപ്പെട്ടു. നിശ്ശബ്ദ ചിത്രമായതിനാൽ വിഗതകുമാരനെ മലയാള സിനിമയായി പരിഗണിക്കാനാവില്ലെന്നും ഡാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളം തന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി. വസ്തുതകൾ ബോധിപ്പിക്കാൻ ഡാനിയേൽ നടത്തിയ ശ്രമം പരാജയപ്പെട്ടു.

സ്വന്തമായുണ്ടായിരുന്നതെല്ലാം സിനിമക്കു വേണ്ടി നഷ്ടപ്പെടുത്തിയ ഡാനിയേൽ 1975 ഏപ്രിൽ 27 ന് അന്തരിച്ചു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ ജാനറ്റ് ഡാനിയേലിന് സർക്കാർ പെൻഷൻ അനുവദിച്ചു.

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992-ൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. നിർമ്മാണ, വിതരണ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്. വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേൽ ജീവചരിത്രത്തെയും അടിസ്ഥാനമാക്കി
ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ, 2013-ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത ചിത്രമാണ് സെല്ലുലോയ്ഡ്. ഈ ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 7 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News