നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘കീ ടു എൻട്രൻസ്’ പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24 മുതൽ
BY :SUMESHKRISHNAN
തിരുവനന്തപുരം —
മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (NEET) തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി കൈറ്റിന്റെ (KITE) പുതിയ പദ്ധതി. പരീക്ഷാ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ‘കീ ടു എൻട്രൻസ്’ (Key to Entrance) പോർട്ടൽ വഴി ഏപ്രിൽ 24 മുതൽ നീറ്റ് മോക്ക് ടെസ്റ്റുകൾ ആരംഭിക്കും. യഥാർത്ഥ പരീക്ഷാ സാഹചര്യത്തിന് സമാനമായ രീതിയിലാണ് ഈ മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
സൗജന്യ പരിശീലനവും എഐ സാങ്കേതികവിദ്യയും
വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് ലഭിച്ചിട്ടുള്ള ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in എന്ന പോർട്ടൽ വഴി ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾക്ക് പുറമെ, നിർമ്മിത ബുദ്ധി (AI) സഹായത്തോടെയുള്ള അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങളും വ്യക്തിഗത പഠന പിന്തുണയും പോർട്ടലിന്റെ പ്രത്യേകതയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പുറമെയുള്ള കോച്ചിംഗിന് പോകാൻ സാധിക്കാത്തവർക്കും ഈ സംവിധാനം വലിയൊരു മുതൽക്കൂട്ടാകും.
പ്രകടന വിശകലനം ലഭ്യമാകും
ഓരോ വിദ്യാർത്ഥിയുടെയും പഠന നിലവാരം വിലയിരുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന പ്രകടന വിശകലന സംവിധാനവും പോർട്ടലിലുണ്ട്. മെയ് 1 മുതൽ സി.യു.ഇ.ടി (CUET) പരീക്ഷകൾക്കുള്ള മോക്ക് ടെസ്റ്റുകളും പോർട്ടലിൽ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ലോഗിൻ വിവരങ്ങൾ ലഭിക്കാത്ത വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
