കണ്ണൂരിനെ നടുക്കി മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം ദുരന്തത്തിൽ കലാശിച്ചു
കണ്ണൂർ:
അടിമയായ മകൻ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് പേരാവൂർ കൊളക്കാട് ഗ്രാമം. മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗവുമായ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഇവരുടെ മകൻ ക്രിസ്റ്റി (25) ആണ് പ്രതി.
ലഹരി ഉപയോഗത്തെച്ചൊല്ലി ക്രിസ്റ്റിയും ഗീതമ്മയും തമ്മിൽ വീട്ടിൽ നിരന്തരം വാക്കുതർക്കങ്ങൾ നിലനിന്നിരുന്നു. വെള്ളിയാഴ്ച രാത്രിയും ഇതേ വിഷയത്തിൽ കലഹമുണ്ടാവുകയും, ആവേശം മൂത്ത ക്രിസ്റ്റി കിടപ്പുമുറിയിൽ വെച്ച് ഗീതമ്മയുടെ കഴുത്തറുക്കുകയുമായിരുന്നു. സംഭവസമയം പിതാവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം സമീപവാസിയായ ഒരു യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതി, അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. തുടർന്ന് ഇയാൾ കടുത്ത ലഹരി ഉപയോഗത്തിന് അടിമപ്പെട്ടതായി പറയപ്പെടുന്നു. കൊല്ലപ്പെട്ട ഗീതമ്മ കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. നിലവിൽ ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
