കാൻസർ അതിജീവികർ യഥാർത്ഥ പോരാളികൾ”: ജയ്പൂരിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ജയ്പൂർ:
കാൻസർ അതിജീവികൾ അചഞ്ചലമായ പ്രതീക്ഷയുടെയും അസാമാന്യമായ ധീരതയുടെയും പ്രതീകങ്ങളാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ജയ്പൂരിലെ ഭഗവാൻ മഹാവീർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ സംഘടിപ്പിച്ച 23-ാമത് കാൻസർ സർവൈവേഴ്‌സ് ഡേ (Cancer Survivors’ Day) ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന രാജ്യത്തെ ആരോഗ്യമേഖലയിലെ വിടവുകൾ നികത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി പ്രകാരം ഇതുവരെ 13,000 കോടിയിലധികം രൂപ ചെലവിൽ 68 ലക്ഷത്തിലധികം കാൻസർ ചികിത്സകൾ നൽകിയിട്ടുണ്ട്. ഇതിൽ 75 ശതമാനവും ഗ്രാമീണ മേഖലയിലുള്ളവർക്കാണെന്നത് പദ്ധതിയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയ്ക്കായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തെ ജില്ലാ ആശുപത്രികളിൽ 450-ലധികം ഡേ കെയർ കാൻസർ സെന്ററുകൾ ഇതിനോടകം പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കുന്നതിനായി ഈ വർഷം ആരംഭിച്ച രാജ്യവ്യാപകമായ എച്ച്പിവി വാക്സിനേഷൻ പദ്ധതിയെക്കുറിച്ചും ഉപരാഷ്ട്രപതി സംസാരിച്ചു. പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയ്ക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ കാൻസർ അതിജീവികളെ അദ്ദേഹം ആദരിക്കുകയും ചെയ്തു. രാജസ്ഥാൻ ഗവർണർ ഹരിഭാവു കിസൻറാവു ബാഗ്‌ഡെ, ആരോഗ്യ മന്ത്രി ഗജേന്ദ്ര സിംഗ് ഖിംസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
