എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ നിരന്തര ശ്രമം ഫലം കാണുന്നു; തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് ഒടുവിൽ ശാപമോക്ഷം

 എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ നിരന്തര ശ്രമം ഫലം കാണുന്നു; തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് ഒടുവിൽ ശാപമോക്ഷം

BY: SUNILDUTT SUKUMARAN

തിരുവനന്തപുരം:

വർഷങ്ങളായുള്ള അവഗണനയ്ക്ക് ഒടുവിൽ 2000 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നു. മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ കഴിഞ്ഞ രണ്ട് വർഷക്കാലത്തെ നിരന്തരമായ ഇടപെടലുകൾക്കും ശ്രമങ്ങൾക്കുമാണ് ഇപ്പോൾ അനുകൂലമായ ഫലം ലഭിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ ദയനീയ അവസ്ഥ പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി എം.എൽ.എയുടെ നേതൃത്വത്തിൽ ശക്തമായ സമ്മർദ്ദമാണ് ചെലുത്തിവന്നത്. വരാനിരിക്കുന്ന കർക്കിടക വാവുബലിക്ക് മുന്നോടിയായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മന്ത്രിമാർക്ക് കത്തുകൾ അയക്കുകയും, തിരുവനന്തപുരം കോർപ്പറേഷൻ മേയർ, കൗൺസിലർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരന്റെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നത്.

ഇന്ന് ചേർന്ന യോഗത്തിൽ ക്ഷേത്രത്തിൽ ഉടനടി പരിഹാരം കാണേണ്ട പ്രധാന പ്രശ്നങ്ങൾ രാജീവ് ചന്ദ്രശേഖർ എം.എൽ.എ നേരിട്ട് ചൂണ്ടിക്കാണിക്കുകയും വികസന നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആവശ്യമായി വരുന്ന പക്ഷം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) അനുമതികൾ ഉൾപ്പെടെ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം യോഗത്തിൽ ഉറപ്പുനൽകി.

ഏറെക്കാലമായി അവഗണിക്കപ്പെട്ടു കിടക്കുന്ന ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തെ പൂർണ്ണമായും പുനരുദ്ധരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എം.എൽ.എ വ്യക്തമാക്കി. ഇതോടൊപ്പം, വരാനിരിക്കുന്ന വാവുബലി മഹോത്സവത്തിന് ഇവിടെയെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ, വൃത്തിയും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താനുള്ള സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News