സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; തീരങ്ങളിൽ 52 നാൾ ഇനി വറുതിയുടെ നാളുകൾ

 സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; തീരങ്ങളിൽ 52 നാൾ ഇനി വറുതിയുടെ നാളുകൾ

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് (ജൂൺ 9) അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരും. ഇനിയുള്ള 52 ദിവസക്കാലം യന്ത്രവത്കൃത ബോട്ടുകളുടെ എൻജിൻ താളം നിലയ്ക്കുന്നതോടെ തീരദേശ മത്സ്യബന്ധന മേഖല പൂർണ്ണമായും നിശ്ചലമാകും. ജൂലൈ 31 രാത്രി 12 മണി വരെയാണ് നിരോധനം. സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകൾ കരയ്ക്കടുപ്പിക്കുന്നതോടെ, മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ഇനിയുള്ള നാളുകളിൽ പ്രതിസന്ധിയിലാകും.

മുൻവർഷങ്ങളിൽ 47 ദിവസമായിരുന്ന ട്രോളിങ് നിരോധനം കഴിഞ്ഞ രണ്ടു വർഷമായി 52 ദിവസമായാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ടുപോയെന്ന് അധികൃതർ ഉറപ്പാക്കും. ഇന്ന് അർധരാത്രിക്ക് മുൻപായി എല്ലാ ട്രോളിങ് ബോട്ടുകളും സുരക്ഷിതമായി ഹാർബറുകളിൽ പ്രവേശിക്കണമെന്ന് ഫിഷറീസ് വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പരമ്പരാഗത തൊഴിലാളികൾക്ക് ഇളവ്; സുരക്ഷ ശക്തം ട്രോളിങ് നിരോധനം യന്ത്രവത്കൃത ബോട്ടുകൾക്ക് മാത്രമാണ് ബാധകം. എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും പരമ്പരാഗത യാനങ്ങൾക്കും കടലിൽ പോകുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ പ്രജനന കാലമായതിനാൽ കുഞ്ഞൻ മീനുകളെ പിടിക്കുന്നതിന് ഇവർക്കും കർശന നിരോധനമുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ കടൽ സുരക്ഷയും രക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കാൻ ഫിഷറീസ്-മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പെട്രോളിങ് ബോട്ടുകൾ നിരീക്ഷണത്തിനിറങ്ങും. മത്സ്യത്തൊഴിലാളികൾക്കിടയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി ഈ സമയത്ത് നിയോഗിച്ചിട്ടുണ്ട്.

പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ അതേസമയം, ട്രോളിങ് നിരോധനത്തിന് ബദലായി ശാസ്ത്രീയമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തേണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. തദ്ദേശീയരായ പാവപ്പെട്ട തൊഴിലാളികൾ പട്ടിണിയിലാകുമ്പോൾ, ആഴക്കടലിൽ വിദേശ കപ്പലുകൾ യഥേഷ്ടം മീൻപിടിക്കുന്നത് തടയാൻ സർക്കാർ തലത്തിൽ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News