മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചരണം: റിപ്പോർട്ടർ ടി.വി. ഉടമ ആൻ്റോ അഗസ്റ്റിനെതിരെ കേസ്
BY: TNN WEB TEAM
വയനാട്:
മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജവും അപകീർത്തികരവുമായ ആരോപണം ഉന്നയിച്ച സംഭവത്തിൽ റിപ്പോർട്ടർ ടി.വി. ഉടമ ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിച്ചതിനാണ് ഈ നടപടി.
ആൻ്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തുകയും അറിഞ്ഞുകൊണ്ട് വ്യാജരേഖകൾ നിർമ്മിച്ച് സൂക്ഷിക്കുകയും ചെയ്‌തുവെന്ന് പോലീസിൻ്റെ പ്രഥമവിവര റിപ്പോർട്ടിൽ (FIR) വ്യക്തമാക്കുന്നു. കെ.പി.സി.സി. വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.
കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചെന്നും കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധന നടത്തി ആ രേഖകൾ കൈവശപ്പെടുത്തിയെന്നും ഒരു പൊതുചടങ്ങിൽ വെച്ചാണ് ആൻ്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയത്. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജ രേഖയുണ്ടാക്കിയ ഗൂഢസംഘത്തെ തിരിച്ചറിയണമെന്നും ഈ രേഖകൾ ഉടൻ പിടിച്ചെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
