മികച്ച മാധ്യമപ്രവർത്തകയ്ക്കുള്ള എഫ്.ഡബ്ല്യു.ജെ.കെ അവാർഡ് മഹ്മൂദിയക്ക്; പുരസ്കാരം സമ്മാനിച്ച് മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം:
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള (FWJK) ഏർപ്പെടുത്തിയ മികച്ച മാധ്യമപ്രവർത്തകയ്ക്കുള്ള സംസ്ഥാനതല പുരസ്കാരം മൾട്ടിമീഡിയ ന്യൂസ് ടിവിയിലെ പ്രമുഖ മാധ്യമപ്രവർത്തക മഹ്മൂദിയ സ്വന്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയിൽ നിന്ന് മഹ്മൂദിയ പുരസ്കാരം ഏറ്റുവാങ്ങി.

സമൂഹത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മികച്ച വാർത്താ റിപ്പോർട്ടിംഗിനും മാധ്യമരംഗത്തെ വേറിട്ട പ്രഫഷണൽ മികവിനുമാണ് എഫ്.ഡബ്ല്യു.ജെ.കെ മഹ്മൂദിയയെ ഈ ഉന്നത പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. തൃശൂർ സ്വദേശിനിയായ സാറാ ഇബ്രാഹിമിന്റെ അഞ്ച് മക്കളിൽ രണ്ടാമത്തെ മകളാണ് ഇവർ.
വാർത്താലോകത്തിന് പുറമെ ജീവകാരുണ്യ രംഗത്തും മനുഷ്യാവകാശ പോരാട്ടങ്ങളിലും സോഷ്യൽ വർക്കിലും സജീവ സാന്നിധ്യമാണ് മഹ്മൂദിയ. മാധ്യമപ്രവർത്തക എന്നതിലുപരി അധ്യാപിക, ആങ്കർ, കോർപ്പറേറ്റ് ട്രെയിനർ, ജനപ്രിയ സോഷ്യൽ മീഡിയ താരം എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹ്മൂദിയയുടെ മാധ്യമസഞ്ചാരത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ അവാർഡ്.
