കലാസംഘാടകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

 കലാസംഘാടകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം:

പ്രശസ്ത കലാസംഘാടകനും കലാസാംസ്‌കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. സൂര്യ ഫെസ്റ്റിവലുകളിലൂടെ കലാകേരളത്തിന് ആഗോള തലത്തിൽ വൻ സ്വീകാര്യത നേടിക്കൊടുത്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

ഐ.എസ്.ആർ.ഒ.യിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്ത ശേഷമാണ് പൂർണ്ണമായും കലാരംഗത്തേക്ക് തിരിഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സാംസ്കാരികോത്സവങ്ങളിൽ ഒന്നായ സൂര്യ ഫെസ്റ്റിവൽ 50 വർഷത്തോളമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നു വന്നത്. ഇത് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംനേടിയിട്ടുണ്ട്.

ഡോ. കെ.ജെ. യേശുദാസ് തുടർച്ചയായി 40 വർഷം സൂര്യ ഫെസ്റ്റിവലിൽ പാടിയിട്ടുണ്ട്. ശോഭന അടക്കം ഇന്ത്യൻ സിനിമയിലെയും സംഗീത-നൃത്ത രംഗത്തെയും പ്രമുഖർ അദ്ദേഹത്തിന്റെ വേദികളിൽ അണിനിരന്നു. കണ്ടംപററി നൃത്ത ശാഖയ്ക്കും വളർന്നുവരുന്ന കലാകാരന്മാർക്കും അദ്ദേഹം നൽകിയ പിന്തുണ വലുതാണ്.

നാടക സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതജ്ഞൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനായിരുന്നു. 400-ലധികം വേദികളിൽ അവതരിപ്പിക്കപ്പെടുകയും പിന്നീട് സിനിമയാവുകയും ചെയ്ത ‘മേൽവിലാസം’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് അദ്ദേഹമാണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ശില്പിയായ അദ്ദേഹത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News