കെ. സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: അഞ്ചുപേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി:
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയ വഴി നടന്ന സൈബർ ആക്രമണത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സൈബർ ആക്രമണത്തിന് ഉപയോഗിച്ച അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ അടക്കമാണ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സൈബർ വിഭാഗം ഐ.ജിക്ക് ആഭ്യന്തരമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയത്. ആരോപണവിധേയമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉടമകളെ തിരിച്ചറിയാനുള്ള നടപടികളാണ് നിലവിൽ അന്വേഷണ സംഘം നടത്തിവരുന്നത്.
