₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്ക് MDR ചാർജ്: കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി സത്യവാങ്മൂലം തേടി

 ₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്ക് MDR ചാർജ്: കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി സത്യവാങ്മൂലം തേടി

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. വിഷയത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനങ്ങൾ ചോദ്യം ചെയ്ത് അഭിഭാഷകനായ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. എന്നാൽ, സർക്കാറിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു.

ഈ നിരക്കുകൾ ഒക്ടോബർ 15 മുതൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (ASG) എൻ. വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. രാജ്യത്തെ 96 ശതമാനം യുപിഐ ഇടപാടുകളെയും ഇത് ബാധിക്കില്ലെന്നും അവശ്യ സേവനങ്ങൾക്കുള്ള ചാർജ് പരമാവധി അഞ്ച് രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സർക്കാറിന്റെ നികുതിയോ ഫീസോ അല്ലെന്നും ബാങ്കുകളും പേയ്മെന്റ് അഗ്രഗേറ്റർമാരും തമ്മിലുള്ള സെറ്റിൽമെന്റ് ചാർജ് മാത്രമാണെന്നും എഎസ്ജി വിശദീകരിച്ചു. ഈ വസ്‌തുതകളെല്ലാം വ്യക്തമാക്കിക്കൊണ്ട് വിശദമായ സത്യവാങ്മൂലം നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News