ലാവലിൻ കേസ് സുപ്രീം കോടതി 35ാം തവണയും മാറ്റിവെച്ചു.മഹാത്ഭുതം?

 ലാവലിൻ കേസ് സുപ്രീം കോടതി 35ാം തവണയും മാറ്റിവെച്ചു.മഹാത്ഭുതം?

വീണ്ടും വീണ്ടും അത്ഭുതം കാണിക്കുന്ന അദൃശ്യ ദൈവം ആരാണ് ?

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.

മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ ലാവലിന് കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌ വി രാജു അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

കേസില്‍ കുറ്റവിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് ലാവലിന്‍ കേസ് പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.

2006 മാര്‍ച്ച് ഒന്നിനാണ് എസ്എന്‍സി ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 2009 ജൂണ്‍ 11 ന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി. ഇതു ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News