പാങ്ങപ്പാറയിൽ 16 വയസ്സുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കൂട്ടുകാർ കസ്റ്റഡിയിൽ

തിരുവനന്തപുരം:
തലസ്ഥാന നഗരത്തെ നടുക്കിക്കൊണ്ട് ശ്രീകാര്യം പാങ്ങപ്പാറയിൽ പതിനാറുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻ.എസ്.എസ് ഹൈസ്കൂൾ വിദ്യാർഥിയായ അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ടു സുഹൃത്തുക്കളെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച ഉച്ചയോടെയാണ് പാങ്ങപ്പാറയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. ഒരു ഫോൺ കോൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. വൈകീട്ട് കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന അഭിരാം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് ദാരുണമായ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷനും അഭിരാമിന്റെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പാങ്ങപ്പാറയിലെ വിജനമായ പറമ്പിൽ ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിളിച്ചുവരുത്തി കൊലപാതകം നടത്തിയതിന് പിന്നിലെ യഥാർഥ കാരണം എന്താണെന്ന് വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
