വിദ്യാഭ്യാസ രംഗത്ത് മാതൃകാ മുന്നേറ്റം: മറ്റ് എം.എൽ.എമാരെക്കാൾ സജീവമായി എം.വി. ഗോവിന്ദൻ മാസ്റ്റർ; 25 കുട്ടികൾക്ക് സൗജന്യ ഐ.എ.എസ് പരിശീലനത്തിന് 25 ലക്ഷം അനുവദിച്ചു

തളിപ്പറമ്പ്: മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാരെക്കാൾ വികസന-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലും സജീവവുമാണെന്ന് വീണ്ടും തെളിയിച്ച് തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർ. തളിപ്പറമ്പിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് സ്വപ്നങ്ങളിലേക്ക് ചിറകു മുളപ്പിക്കാനായി അദ്ദേഹം ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ചേഞ്ച്’ (CHANGE)-ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്ക് സൗജന്യ ഐ.എ.എസ് (IAS) പരിശീലനം നൽകുന്നതിനായി 25 ലക്ഷം രൂപ അദ്ദേഹം അനുവദിച്ചു.
മണ്ഡലത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്തും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ കാഴ്ചവെക്കുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ഐ.എ.എസ് പോലെയുള്ള രാജ്യത്തെ ഉയർന്ന പദവികളിലേക്ക് എത്തിച്ചേരാൻ അവസരമൊരുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് എം.എൽ.എയുടെ ഈ വിപ്ലവാത്മക ഇടപെടൽ.
വിജ്ഞാന മണ്ഡലമായി തളിപ്പറമ്പ്: എം.എൽ.എയുടെ സ്വപ്ന പദ്ധതി പ്രൈമറി തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികളുടെ അക്കാദമികവും സർഗ്ഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ചേഞ്ച്’ പദ്ധതിക്ക് ഗോവിന്ദൻ മാസ്റ്റർ തുടക്കം കുറിച്ചത്. പ്രത്യേക പ്രവേശന പരീക്ഷയും ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ച് തികച്ചും സുതാര്യമായ രീതിയിലാണ് ഐ.എ.എസ് കോച്ചിങ്ങിനായി 25 മിടുക്കരെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 9 മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിശീലനമാണ് എം.എൽ.എയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ലഭ്യമാക്കുന്നത്.
പരിശീലനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. കെ. സജു വിതരണം ചെയ്തു. നാടിന്റെ വികസനത്തിൽ എന്നും മുന്നിൽ നിൽക്കുന്ന എം.എൽ.എയുടെ ഈ കരുതൽ, തളിപ്പറമ്പിലെ സാധാരണക്കാരായ കുട്ടികൾക്ക് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ എത്താൻ വലിയ പ്രചോദനമാകും.
