ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും; പ്രതികളെ ചോദ്യം ചെയ്യും.

കൊല്ലം:
ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിനാണ് അന്വേഷണച്ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.ക്രൈം ബ്രാഞ്ച് പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
പോലീസ് മുഴുവൻ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്ന ആക്ഷേപമുണ്ട്. വീടിനു സമീപത്ത് കാർ നിർത്തി പെൺകുട്ടിയെ തട്ടിയെടുത്തപ്പോൾ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറിൽ കയറ്റുമ്പോൾ ഒരു സ്ത്രീയുൾപ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ, പോലീസിന് അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.
കൊവിഡിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലായ പത്മകുമാറും കുടുംബവും പെട്ടെന്ന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളെ അറിയിച്ചത്. ഒരുവർഷമായി ആസൂത്രണം നടത്തിവരികയായിരുന്നു. 10 ലക്ഷം രൂപ അത്യാവശ്യമായതോടെ ഒരുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്.
