ഉത്തർപ്രദേശിലെ കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി
ലഖ്നൗ:
യൂപിയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് റദ്ദാക്കി. 48 ലക്ഷംപേർ അപേക്ഷിക്കുകയും 43 ലക്ഷംപേർ എഴുതുകയും ചെയ്ത പരീക്ഷയാണ് റദ്ദാക്കിയത്.പരീക്ഷ എഴുതിയതിൽ 16 ലക്ഷംപേർ സ്ത്രീകളാണ്. പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾമുമ്പ് ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങൾവഴി പല ഉദ്യോഗാർഥികൾക്കും ലഭിച്ചിരുന്നു. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപയ്ക്കുവരെ ചോദ്യ പേപ്പർ വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പരാതിപ്പെട്ടതു്. പരാതികൾ വർധിച്ചതോടെ യൂപി സർക്കാർ പരീക്ഷ റദ്ദാക്കി. സംഭവം അന്വേഷിക്കാൻ പൊലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ ബോർഡ് ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു.ആറ് മാസത്തിനകം പുന:പരീക്ഷ നടത്തുമെന്ന് യൂപി സർക്കാർ അറിയിച്ചു.