കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

അടിമാലി:
നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടോൻ വീട്ടിൽ ഇന്ദിര (65) കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ കൂവപറിക്കാനായി പറമ്പിലേക്കുപോയ സമയത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭർത്താവ് രാമകൃഷ്ണന് ചായയുമായി പോയതാണ് ഇന്ദിര. സമീപവാസിയായ സൂസനുമായി സംസാരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ദിരയെ ചവിട്ടിയ ശേഷം സൂസനു പിന്നാലെയും ആന പാഞ്ഞടുത്തു. തിരികെ ചെന്ന ആന ഇന്ദിരയെ കുത്തിവീഴ്ത്തി. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വനപാലകർക്കെതിരെ നാട്ടുകാർ ശക്തമായി പ്രതിക്ഷേധിച്ചു. മൃതദേഹം കോതമംഗലം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

