സിദ്ധാർഥന്റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു

കൽപ്പറ്റ:
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിങ്കളാഴ്ച കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്ഐആർ നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ള 20 പേരെ പ്രതികളാക്കിയാണ് എഫ്ഐആർ.ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, അന്യായമായി തടഞ്ഞുവച്ച് മർദ്ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും റാഗിങ് നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് സിബിഐയുടെ ഡൽഹി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ ഡൽഹി പൊലീസ് സൂപ്രണ്ട് എ കെ ഉപാധ്യയാണ് എഫ്ഐആർ കോടതിയിൽ സമർപ്പിച്ചതു്. വരും ദിവസങ്ങളിൽ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും. ദേശീയ മനുഷ്യാവകാശ കമ്മീഷനും തെളിവെടുക്കും.
