പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 29 രൂപ വർദ്ധിച്ചു

 പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 29 രൂപ വർദ്ധിച്ചു

ന്യൂഡൽഹി:

രാജ്യത്ത് പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന്റെ വിലയിലാണ് ഇപ്പോൾ 29 രൂപയുടെ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടറിന്റെ വില 951 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളും പശ്ചിമേഷ്യയിലെ നിലവിലുളള രാഷ്ട്രീയ സംഘർഷങ്ങളുമാണ് വില വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില വർദ്ധിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ മാർച്ചിൽ ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്ക് വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്കനുസരിച്ച് തലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.

ഗാർഹിക സിലിണ്ടറുകൾക്ക് പുറമെ, ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയും വർദ്ധിപ്പിച്ചിരുന്നു. ജൂൺ 1-ന് പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയുമാണ് വർദ്ധിപ്പിച്ചത്. ആഭ്യന്തര എൽ.പി.ജി വിപണനത്തിൽ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം ഭാഗികമായി മാത്രമാണ് ഇപ്പോൾ നികത്തിയിട്ടുള്ളതെന്നാണ് വ്യവസായ വൃത്തങ്ങൾ നൽകുന്ന സൂചന. അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News