വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ രാഹുൽ ഗാന്ധി ചിരിക്കുന്നു; ‘ഭാരത് സമ്മിറ്റ്’ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കിരൺ റിജിജു
ന്യൂഡൽഹി: വിദേശിയായ ഒരാൾ ഇന്ത്യയെ അപമാനിച്ച് സംസാരിക്കുമ്പോൾ അത് കേട്ട് ചിരിക്കുന്നയാളാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു. ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഭാരത് സമ്മിറ്റ് 2026’ വേദിയിൽ യൂറോപ്യൻ നേതാവ് ജിയാക്കോമോ ഫിലിബെക്ക് നടത്തിയ പരാമർശങ്ങളെച്ചൊല്ലിയാണ് റിജിജു രംഗത്തെത്തിയത്. എക്സിലൂടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, പക്ഷെ ആരുടെയും പേരെടുത്ത് പറഞ്ഞില്ല.
പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലിസ്റ്റ്സ് ജനറൽ സെക്രട്ടറിയും ഇറ്റാലിയൻ രാഷ്ട്രീയ നേതാവുമായ ജിയാക്കോമോ ഫിലിബെക്ക്, സമ്മേളന വേദിയിൽ വെച്ച് കോൺഗ്രസിന്റെ ‘വോട്ട് കള്ളന്മാർ അധികാരം ഒഴിയുക’ എന്ന മുദ്രാവാക്യം വിളിക്കുകയും ഇംഗ്ലീഷിൽ അത് ആവർത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും അതിനെ സംരക്ഷിക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഡൽഹി രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ മാർച്ചിനെയും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തെയും ഫിലിബെക്ക് പ്രശംസിച്ചിരുന്നു.
