യു.എസ് യുദ്ധക്കപ്പലിൽ മാനസികസമ്മർദ്ദം രൂക്ഷം; ജീവനൊടുക്കാൻ ശ്രമിച്ച് നാവികർ
വാഷിംഗ്ടൺ:
ദീർഘകാലമായുള്ള കടൽ ദൗത്യത്തെത്തുടർന്ന് യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കണിലെ ജീവനക്കാരുടെ മാനസികാരോഗ്യം വൻ പ്രതിസന്ധിയിൽ. യുദ്ധക്കപ്പലിൽ നിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കാൻ നാവികർ ശ്രമിച്ചതായി മിലിട്ടറി ടൈംസ് റിപ്പോർട്ട് ചെയ്തു. ഒമ്പത് മാസത്തിലധികമായി കടലിൽ തുടരുന്ന കപ്പൽ തുടർച്ചയായി 250 ദിവസമാണ് കരയിലടുക്കാതെ ദൗത്യം തുടരുന്നത്.
അഞ്ചായിരത്തോളം വരുന്ന നാവികരും മരീനുകളുമാണ് കപ്പലിലുള്ളത്. ദൗത്യ കാലാവധി പലതവണ നീട്ടിയതും കപ്പലിലെ മോശം ജീവിതസാഹചര്യങ്ങളും നാവികരെ കടുത്ത മാനസികസമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രശ്നം ഗുരുതരമായതിനെ തുടർന്ന് സാൻ ഡിയാഗോയിൽ നടന്ന ടൗൺ ഹാൾ യോഗത്തിൽ ഇരുനൂറോളം കുടുംബാംഗങ്ങൾ മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് ആശങ്കയറിയിച്ചു.
നാവികസേനാ ആക്ടിംഗ് സെക്രട്ടറി ഹംഗ് കാവോ പങ്കെടുത്ത യോഗത്തിൽ, കപ്പലിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദയനീയ സ്ഥിതി കുടുംബാംഗങ്ങൾ തുറന്നുപറഞ്ഞു. നാവികരുടെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
