ബലാത്സംഗക്കൊലക്കേസ് പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു; പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയശേഷം നാലാമത്തെ ഏറ്റുമുട്ടൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ പൊലീസും പ്രതിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിയായ റോയ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
നാല് ദിവസമായി പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. നവംബർ ഏഴിന് കുളിക് നദിക്ക് സമീപമുള്ള വനമേഖലയിൽ നിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഗൗരി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രതി ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഇതിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിർത്തു. പ്രതിയുടെ വെടിയുണ്ട പൊലീസ് വാഹനത്തിന്റെ ടയറിൽ തട്ടിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ തിരിച്ചടിയിൽ റോയിക്ക് വെടിയേറ്റു.
പരിക്കേറ്റ പ്രതിയെ റായ്ഗഞ്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിഹാർ അതിർത്തി വഴി സംസ്ഥാനത്തുനിന്ന് കടന്നുകളയാൻ പ്രതി ശ്രമിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
നവംബർ മൂന്നിന് കാണാതായ പെൺകുട്ടി
നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് സൈക്കിളിൽ വീട്ടിൽനിന്ന് പുറത്തുപോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് ദിവസത്തിന് ശേഷം കുളിക് നദിക്ക് സമീപമുള്ള വനമേഖലയിൽ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ബന്ധുക്കൾ ബലാത്സംഗവും കൊലപാതകവും ആരോപിച്ചിരുന്നു.
ബിജെപി അധികാരത്തിലെത്തിയശേഷം നാലാമത്തെ പൊലീസ് ഏറ്റുമുട്ടൽ
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ പൊലീസ് ഏറ്റുമുട്ടലാണ് റായ്ഗഞ്ചിലേത്.
ജൂലൈയിൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബറുയ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രഭാസ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലം തെളിവെടുപ്പിനായി കാണിച്ചുകൊടുക്കുന്നതിനിടെ ഇയാൾ പൊലീസുകാരിൽനിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിർത്തതിനെത്തുടർന്ന് സ്വയംരക്ഷയ്ക്കായി തിരിച്ചടിക്കുകയായിരുന്നുവെന്നാണ് അന്ന് പൊലീസ് വിശദീകരിച്ചത്.
ഒക്ടോബർ 27ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗൈഘട്ടയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പ്രഹ്ലാദ് ദാസും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.
അതേ ദിവസം തന്നെ മുർഷിദാബാദ് ജില്ലയിലെ സംഷേർഗഞ്ചിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സമൗൽ ഹഖും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
നിയമം ലംഘിക്കുന്നവർ പൊലീസിനെ നേരിടേണ്ടിവരും: മന്ത്രി
പുതിയ സംഭവത്തോട് പ്രതികരിച്ച് സംസ്ഥാന മന്ത്രി ദിലീപ് ഘോഷ് രംഗത്തെത്തി. നിയമം ലംഘിക്കുന്നവർക്ക് പൊലീസിനെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമം കൈയിലെടുക്കുകയോ നിയമവിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ ചില സാഹചര്യങ്ങളിൽ പൊലീസിന് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും നിയമം പാലിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
