ന്യൂഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം: 8 മരണം; രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു
ന്യൂഡൽഹി:
ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ ഞെട്ടിച്ച്, ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപം തിരക്കേറിയ സമയത്ത് കാറിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉന്നത തീവ്രതയിലുള്ള സ്ഫോടനത്തിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിലും കേരളത്തിലും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരിച്ച എട്ട് പേർ LNJP (Lok Nayak Jai Prakash Narayan) ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തുകയും ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണർ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ എന്നിവരുമായി സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞറിയുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ അന്വേഷണ ഏജൻസി (NIA), നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) എന്നീ ഉന്നത ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
