തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; അസ്വാഭാവിക മരണത്തിന് കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി (45) ആണ് മരിച്ചത്.
വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൂജപ്പുര പോലീസ് അറിയിച്ചു. ഇൻക്വിസ്റ്റ് നടപടികളും തുടർനടപടികളും നാളെ ഉണ്ടാകുമെന്ന് പൂജപ്പുര എസ്.ഐ എസ്.എൽ സുധീഷ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ബിജെപി-ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ അസ്വാഭാവിക മരണം രാഷ്ട്രീയ ചർച്ചാ വിഷയമാവുമെന്നുറപ്പാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിച്ചിരുന്നു.
സ്ഥാനാർത്ഥിത്വം: ബിജെപി നിഷേധിച്ചപ്പോൾ ശിവസേനയിൽ?
- ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വാദം: ടിക്കറ്റിനായി തമ്പി സമീപിച്ചിട്ടില്ലെന്നും മരണവുമായി ടിക്കറ്റ് നിഷേധിച്ചതിന് ബന്ധമില്ലെന്നും പ്രാദേശിക ബിജെപി നേതാക്കൾ പറയുന്നു.
- തമ്പിയുടെ പ്രതികരണം: സ്ഥാനാർത്ഥി പട്ടികയിൽ പേര് കാണാതെ വന്നപ്പോൾ സ്വതന്ത്രനായി മത്സരിക്കുമെന്ന് തമ്പി സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു.
- ശിവസേന ബന്ധം: എന്നാൽ, ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്തുണ തേടി തമ്പി ശിവസേന നേതാക്കളെ സമീപിച്ചിരുന്നുവെന്ന് ശിവസേന നേതാക്കളും വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം തമ്പിയുമായി കൂടിക്കാഴ്ച നടത്തുകയും ഇതിന് ശേഷം ശിവസേനയിൽ അംഗത്വമെടുക്കാൻ തീരുമാനിക്കുകയും ശനിയാഴ്ച രാവിലെ പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തമ്പി ശിവസേനയിൽ അംഗത്വം എടുക്കുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
- ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം
- അതേസമയം, ആനന്ദിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചു. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്‍റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താൻ ജില്ലാ അധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ മരണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
