വയനാട് ഉരുൾപൊട്ടലിന് ഒരു വർഷം

വയനാട്:
കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ.
വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്.
24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. 2024 ജൂലൈ 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. രണ്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. അതിഭയാനക ശബ്ദത്തിനു പിന്നാലെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഉറങ്ങിക്കിടന്നവരെ വിഴുങ്ങി. ഉണർന്നിരുന്നവർക്കും രക്ഷപ്പെടാൻ കഴിയാത്തത്ര ഭീകരമായിരുന്നു ആ ഒഴുക്ക്.
അപകടത്തിൽ 298 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരിക്കേറ്റവർ 35 ആണ്. അപ്പോഴും 32 പേരെ കാണാതായി എന്നാണ് കണക്ക്. അവർ എവിടെയൊക്കെ അകപ്പെട്ടു എന്നത് ആ ദുരന്തത്തിൻ്റെ വ്യാപ്തിയാണ് കാണിച്ചു തരുന്നത്.
അതിജീവനത്തിൻ്റെ ഒരാണ്ട് പിന്നിടുമ്പോഴും പുനരധിവാസം യാഥാർത്ഥ്യമായിട്ടില്ലെന്നതാണ് സത്യം. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടുകൾ ഇല്ലെന്ന് സാരം. ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 772.11 കോടിരൂപ ലഭിച്ചെങ്കിലും ഇതുവരെ ചെലവഴിച്ചത് 91.74 കോടിരൂപമാത്രം.
നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 27നായിരുന്നു ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം. ടൗൺഷിപ്പിൻ്റെ ഭാഗമായി നിർമ്മിക്കുന്ന മാതൃകാഭവനത്തിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറയെന്നും വ്യക്തമാക്കിയിട്ടുണ്ട്.