നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു.
തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.