സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരം അവസാനിച്ചു
 
			
    തിരുവനന്തപുരം:
266 ദിവസങ്ങൾ നീണ്ടുനിന്ന സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവസാനിപ്പിച്ചു. സമര പരിപാടികൾ പ്രാദേശിക തലങ്ങളിലേക്ക് മാറ്റുമെന്നും വികേന്ദ്രീകൃതമായ രീതിയിൽ മുന്നോട്ട് പോകുമെന്നും അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ എംഎ ബിന്ദു അറിയിച്ചു. 2025 ഫെബ്രുവരി 10 ന് സമരം ഒരു വർഷം തികയുന്ന ദിവസം മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളപ്പിറവി ദിനമായ നാളെ രാവിലെ 11.30 ന് ആശമാരുടെ സമര പ്രതിജ്ഞാ റാലി നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശനാകും ഈ പരിപാടി ഉദ്ഘാടനം ചെയ്യുക. ആശമാരുടെ ഹോണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം ആരംഭിച്ചത്. ഹോണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയായിരുന്നു കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ പ്രധാന ആവശ്യം.
ഹോണറേറിയം വർധനവ് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ ഹോണറേറിയത്തിലെ കുടിശിക തീർത്ത് നൽകാനും 7000 രൂപയായിരുന്നത് 8000 രൂപയാക്കി വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഈ വർധനവ് ആശമാരുടെ സമരവിജയമാണെന്ന് എംഎ ബിന്ദു പ്രതികരിച്ചു. വർധനവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും പ്രധാന ആവശ്യങ്ങൾ ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. അതിനാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം പൂർണമായി അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.
 
                             
						                     
                 
                                     
                                    