റോസ് ബ്രാൻഡ് അരി: നടൻ ദുൽഖർ സൽമാൻ ഡിസംബർ 3ന് നേരിട്ട് ഹാജരാകണം; ഉപഭോക്തൃ കമ്മീഷൻ നോട്ടീസ്

 റോസ് ബ്രാൻഡ് അരി: നടൻ ദുൽഖർ സൽമാൻ ഡിസംബർ 3ന് നേരിട്ട് ഹാജരാകണം; ഉപഭോക്തൃ കമ്മീഷൻ നോട്ടീസ്

പത്തനംതിട്ട:

റോസ് ബ്രാൻഡ് ബിരിയാണി അരിയുമായി ബന്ധപ്പെട്ട് ഉയർന്ന ഭക്ഷ്യവിഷബാധ പരാതിയിൽ, ബ്രാൻഡിന്റെ അംബാസഡറായ നടൻ ദുൽഖർ സൽമാൻ നേരിട്ട് ഹാജരാകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ നിർദേശം നൽകി. ഡിസംബർ 3-ന് ഹാജരാകാനാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നടന് നോട്ടീസ് അയച്ചു.

പത്തനംതിട്ടയിൽ നിന്നുള്ള കാറ്ററിംഗ് ജീവനക്കാരനായ പി.എൻ ജയരാജൻ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷന്റെ നടപടി. ഒരു വിവാഹ ചടങ്ങിനായി വാങ്ങിയ 50 കിലോഗ്രാം ഭാരമുള്ള റോസ് ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കിൽ പാക്ക് ചെയ്ത തീയതിയോ, ഉപയോഗിക്കാനുള്ള കാലാവധി അവസാനിക്കുന്ന തീയതിയോ രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.

ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിക്കാരൻ ആരോപിക്കുന്നു. ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യം കണ്ടാണ് താൻ ഈ ഉൽപ്പന്നം വാങ്ങിയതെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു.

ഈ കേസിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ മാനേജിംഗ് ഡയറക്ടർ, അരി വിറ്റ പത്തനംതിട്ടയിലെ മലബാർ ബിരിയാണി ആൻഡ് സ്‌പൈസസിന്റെ മാനേജർ, ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാൻ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.

നിർദേശിച്ച തീയതിയിൽ മൂന്ന് പ്രതികളും നേരിട്ട് ഹാജരാകണമെന്നും ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News