നേമത്ത് ആരുടേയും വോട്ട് വേണ്ടെന്ന് വെക്കില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി വി. ശിവൻകുട്ടി

 നേമത്ത് ആരുടേയും വോട്ട് വേണ്ടെന്ന് വെക്കില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി വി. ശിവൻകുട്ടി

തിരുവനന്തപുരം:

എസ്ഡിപിഐ-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടെ, വോട്ട് ബാങ്ക് സംബന്ധിച്ച നിലപാട് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഒരു വിഭാഗത്തിൻ്റെയും വോട്ടുകൾ വേണ്ടെന്ന് വെക്കില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും, ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് ഒരു സ്ഥാനാർത്ഥിക്കും പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേമത്ത് വി. ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ. ലത്തീഫ് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് വലിയ രീതിയിലുള്ള രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായ മറുപടി നൽകി. വോട്ടിന് വേണ്ടി എൽഡിഎഫ് അവസരവാദ നിലപാട് സ്വീകരിക്കില്ലെന്നും, വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മുന്നണിക്കുള്ളതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

എസ്ഡിപിഐയുടെ നിലപാടിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും, എൽഡിഎഫ് എക്കാലത്തും തത്വാധിഷ്ഠിത രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേമത്തെ വോട്ടർമാരുടെ തീരുമാനം നിർണ്ണായകമാകുമെന്നിരിക്കെ, ഈ പ്രസ്താവനകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News