യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഒരാൾ കോവളം പോലീസിന്റെ പിടിയിൽ
കോവളം:
വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികളിൽ ഒരാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് ആർ.കെ.എൻ റോഡ്, ശിവകൃപയിൽ ജയചന്ദ്രന്റെ മകൻ സച്ചിൻ (30) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി കോവളം കുഴിയംവിള ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്ങാനൂർ സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ മർദ്ദിക്കുകയും വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
കോവളം എസ്.എച്ച്.ഒ (SHO) അരുൺകുമാർ ജെ.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നൗഷാദ്, എ.എസ്.ഐമാരായ ഷിബി, ബിജു ആർ. നായർ, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം എസ്. നായർ, സെൽവാസ്, ജിജി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സച്ചിനെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
