നീറ്റ് യുജി പരീക്ഷ ഇന്ന്; തിരുവനന്തപുരത്ത് വിപുലമായ ക്രമീകരണങ്ങൾ
By :TNN Web Desk
തിരുവനന്തപുരം: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) പരീക്ഷ ഇന്ന് (ഞായറാഴ്ച) നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ടിങ് സമയം. രാജ്യത്തിനകത്തും പുറത്തുമായി 22.79 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
പരീക്ഷാ നടത്തിപ്പിനായി വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണ് തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി കെഎസ്ആർടിസി ആവശ്യമായ പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ നടപടികളും കുടിവെള്ള ലഭ്യതയും എല്ലാ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.
വാഹന പാർക്കിംഗ് സൗകര്യങ്ങൾ നഗരത്തിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി താഴെ പറയുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്:
- ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്.
- തമ്പാനൂർ, പാളയം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ.
- കവടിയാർ മുതൽ കുറവൻകോണം വരെയുള്ള റോഡിൻ്റെ ഇടത് വശം.
- വിമൻസ് കോളേജ് മുതൽ വഴുതക്കാട് വരെയുള്ള റോഡിൻ്റെ ഇടത് വശം.
- നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിൻ്റെ ഇടത് വശം.
- സംഗീത കോളജ്- നോർക്കാ റോഡ്.
- സ്പെൻസർ മുതൽ പാളയം വരെയുളള റോഡിൻ്റെ ഇടത് വശം.
- പുളിമൂട് മുതൽ ആയുർവേദ കോളജ് വരെയുളള റോഡിൻ്റെ ഇരുവശങ്ങൾ.
- അട്ടക്കുളങ്ങര- കിളളിപ്പാലം റോഡിന്റെ ഇടത് വശം.
- പിഎംജി- ലോ കോളേജ് റോഡ്.
- നിയമസഭ- വികാസ്ഭവൻ റോഡ്.
- എകെജി- ജനറൽ ഹോസ്പിറ്റൽ റോഡിൻ്റെ ഇടത് വശം.
- പരുത്തിപ്പാറ- കേശവദാസപുരം റോഡിൻ്റെ ഇടത് വശം.
- കേശവദാസപുരം- പ്ലാമൂട് വരെയുളള റോഡിൻ്റെ ഇരു വശങ്ങൾ.
- ജഗതി- ഇടപ്പഴിഞ്ഞി റോഡിൻ്റെ ഇടത് വശം.
- മോഡൽ സ്കൂൾ- പനവിള റോഡിൻ്റെ ഇടത് വശം.
