തിരുവനന്തപുരം റോഡ് വികസനം: കൊടിനട – വഴിമുക്ക് പാത നാലുവരിപ്പാതയാകുന്നു; കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി, നിർമാണം ഡിസംബറിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമൊരുക്കുന്ന കൊടിനട – വഴിമുക്ക് – ബാലരാമപുരം റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതി നേരിട്ടിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഒരാഴ്ചയ്ക്കുള്ളിൽ കരാറുകാരനെ കണ്ടെത്തുമെന്നും ഡിസംബറോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അറിയിച്ചു.
നിലവിലെ പാത 30.2 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് വികസിപ്പിക്കുന്നത്. 32 കോടി രൂപ നിർമാണച്ചെലവും, ഭൂമി ഏറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി 200 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കരമന – കളിയിക്കാവിള പാതയിലെയും ബാലരാമപുരം – വഴിമുക്ക് മേഖലയിലെയും കടുത്ത ഗതാഗതസ്തംഭനത്തിന് ആശ്വാസമാകും.
ടെൻഡറിൽ പങ്കെടുത്ത നാല് കമ്പനികളുടെ സാങ്കേതിക മൂല്യനിർണയം പൂർത്തിയായി. നിലവിൽ സാമ്പത്തിക പരിശോധനയാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ സാമ്പത്തിക മൂല്യനിർണയം പൂർത്തിയാക്കി കരാറുകാരനെ നിശ്ചയിച്ചാലുടൻ കരാർ ഒപ്പിടുകയും വർക്ക് ഓർഡർ നൽകുകയും ചെയ്യും.
അതേസമയം, പാതയോരത്തെ കെട്ടിടങ്ങളും കടകളും പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ഭൂവുടമകൾക്കും വ്യാപാരികൾക്കുമുള്ള നഷ്ടപരിഹാരവും പുനരധിവാസ പാക്കേജുകളും നൽകിയ ശേഷമാണ് പൊളിക്കൽ ഘട്ടത്തിലേക്ക് കടന്നത്. റോഡ് വീതികൂട്ടുന്നതിനായി ബാലരാമപുരം ജംഗ്ഷനിൽ നിന്നാണ് നിലവിൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങിയിട്ടുള്ളത്.
