നാളെ ഗുരുവായൂരിൽ 422 വിവാഹങ്ങൾ; ക്ഷേത്രത്തിൽ കർശന സുരക്ഷയും ദർശന നിയന്ത്രണങ്ങളും

 നാളെ ഗുരുവായൂരിൽ 422 വിവാഹങ്ങൾ; ക്ഷേത്രത്തിൽ കർശന സുരക്ഷയും ദർശന നിയന്ത്രണങ്ങളും

BY: PRANOB GURUVAYUR

ഗുരുവായൂർ:

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് അനുഭവപ്പെടുന്ന നാളെ (ആഗസ്റ്റ് 23 – 422 വിവാഹങ്ങൾ), ആഗസ്റ്റ് 30 (338 വിവാഹങ്ങൾ), സെപ്റ്റംബർ 13 (320 വിവാഹങ്ങൾ) എന്നീ തീയതികളിൽ ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

വിവാഹങ്ങൾ സുഗമമായി നടത്തുന്നതിനായി നാളെ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിക്കും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കുന്നതിനൊപ്പം കൂടുതൽ ക്ഷേത്രംകോയ്മമാരെയും മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺ വേ ആക്കി മാറ്റും. വിവാഹസംഘത്തിന് തെക്കേ നടയിലെ പുതിയ നടപ്പന്തലിൽ നിന്ന് ടോക്കൺ നൽകുകയും, ഊഴമെത്തുമ്പോൾ മേൽപുത്തൂർ ഓഡിറ്റോറിയം വഴി കിഴക്കേ നട മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമായിരിക്കും മണ്ഡപത്തിന് സമീപം പ്രവേശനം.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ കേന്ദ്രങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ദേവസ്വം അധികൃതർ ഭക്തരോട് അഭ്യർത്ഥിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News